10:57pm 23 August 2026
NEWS
വെച്ചൂരിന് പിന്നാലെ പെരിയാർ പശുവും; കേരളത്തിന്റെ തനത് കന്നുകാലി ഇനത്തിന് ദേശീയ അംഗീകാരം
22/08/2026  07:11 PM IST
nila
വെച്ചൂരിന് പിന്നാലെ പെരിയാർ പശുവും; കേരളത്തിന്റെ തനത് കന്നുകാലി ഇനത്തിന് ദേശീയ അംഗീകാരം

കേരളത്തിന്റെ കന്നുകാലി ജനിതക പൈതൃകത്തിന് മറ്റൊരു പൊൻതൂവൽ. വെച്ചൂർ കന്നുകാലിക്ക് പിന്നാലെ സംസ്ഥാനത്ത് നിന്ന് ദേശീയതലത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന രണ്ടാമത്തെ തനത് കന്നുകാലി ഇനമായി പെരിയാർ കന്നുകാലി മാറി. വർഷങ്ങളായി പെരിയാർ മേഖലയിലെ കർഷകരും തോട്ടം തൊഴിലാളികളും പരമ്പരാഗതമായി സംരക്ഷിച്ചുപോന്ന ഈ കന്നുകാലി ഇനത്തിനാണ് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയും കർണാലിലെ ICAR–നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസും സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് പെരിയാർ കന്നുകാലിയുടെ തനത് സവിശേഷതകൾ കണ്ടെത്തിയത്. ശാസ്ത്രീയ വിവരങ്ങൾക്കൊപ്പം തലമുറകളായി ഇവയെ പരിപാലിച്ചുവരുന്ന കർഷകരുടെ അറിവും പഠനത്തിന്റെ ഭാഗമായി പരിഗണിച്ചു.

കുട്ടമ്പുഴ കന്നുകാലി, ആണ്ടുകണ്ണി എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവ പ്രധാനമായും പെരിയാർ നദീതടം, അതിരപ്പിള്ളിക്ക് സമീപമുള്ള വനമേഖലകൾ, തോട്ടം പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ ചില മേഖലകളിലും ഇവയുടെ സാന്നിധ്യമുണ്ട്.

വനമേച്ചിലിൽ വളരുന്ന കരുത്തർ

കുറഞ്ഞ മനുഷ്യപരിചരണത്തിൽ അർധ-വന്യ രീതിയിൽ വളരാൻ കഴിയുന്നതാണ് പെരിയാർ കന്നുകാലികളുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. വനമേഖലകളിൽ സ്വാഭാവികമായി ലഭിക്കുന്ന സസ്യങ്ങൾ ഭക്ഷണമാക്കി ജീവിക്കാൻ ഇവയ്ക്ക് കഴിയും. പ്രതികൂലമായ കാലാവസ്ഥയോടും പരിമിതമായ വിഭവങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവും ശക്തമായ ശരീരഘടനയും ഇവയെ വേറിട്ടുനിർത്തുന്നു.

ചെറുത് മുതൽ ഇടത്തരം വരെ ശരീരവലുപ്പമുള്ള ഇവയ്ക്ക് സാധാരണയായി 150–200 കിലോഗ്രാം വരെ ഭാരവും 105–110 സെന്റിമീറ്റർ വരെ ഉയരവുമുണ്ട്. ചുവപ്പ് നിറമാണ് കൂടുതലായി കാണപ്പെടുന്നത്. തവിട്ട്, കറുപ്പ്, പാരനിറം എന്നിവയിലും ഇവയെ കാണാം. തിരശ്ചീനമായി നിൽക്കുന്ന ചെവികളും മുകളിലേക്കോ വശങ്ങളിലേക്കോ വളഞ്ഞ കൊമ്പുകളും പ്രധാന സവിശേഷതകളാണ്.

4 ലിറ്റർ വരെ പാൽ

ശരീരവലുപ്പത്തിൽ ചെറുതാണെങ്കിലും പാലുൽപാദനത്തിലും ഇവയ്ക്ക് ശ്രദ്ധേയമായ ശേഷിയുണ്ട്. പ്രതിദിനം ശരാശരി 2.5 മുതൽ 4 ലിറ്റർ വരെ പാൽ ലഭിക്കും. പാലിൽ ഏകദേശം 4.5 ശതമാനം കൊഴുപ്പും 9.1 ശതമാനം എസ്എൻഎഫും അടങ്ങിയിട്ടുണ്ട്.

160–200 ദിവസമാണ് സാധാരണ കറവക്കാലം. ഏകദേശം 26 മാസം പ്രായത്തിൽ ആദ്യ പ്രജനനവും 35 മാസം പ്രായത്തിൽ ആദ്യ പ്രസവവും നടക്കുന്നു. പ്രസവങ്ങൾക്കിടയിലെ ശരാശരി ഇടവേള 352 ദിവസവും ഗർഭകാലം 279 ദിവസവുമാണ്.

കർഷകരുടെ അറിവിനും അംഗീകാരം

2023 നവംബർ 13-ന് ICAR-ന്റെ Animal Genetic Resources (AnGR) നെറ്റ്‌വർക്ക് പദ്ധതിയിൽ കേരള വെറ്ററിനറി സർവകലാശാല അംഗമായതിന് പിന്നാലെ നടത്തിയ ആദ്യ സമഗ്ര കന്നുകാലി ഇനം തിരിച്ചറിയൽ പഠനമാണ് പെരിയാർ കന്നുകാലിയെ കേന്ദ്രീകരിച്ചുള്ളത്.

ഈ അംഗീകാരം ഒരു പുതിയ കന്നുകാലി ഇനത്തിന്റെ രജിസ്ട്രേഷൻ എന്നതിലുപരി, തലമുറകളായി പ്രാദേശിക സമൂഹങ്ങൾ സംരക്ഷിച്ചുവന്ന ജനിതക പൈതൃകത്തിനുള്ള അംഗീകാരമാണ്. പെരിയാർ മേഖലയിലെ കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും പരമ്പരാഗത അറിവും സംരക്ഷണ രീതികളുമാണ് ഈ കന്നുകാലികളുടെ നിലനിൽപ്പിന് പിന്നിലെ പ്രധാന ശക്തി.

പെരിയാർ കന്നുകാലിയുടെ അംഗീകാരം സ്വാഭാവിക ആവാസവ്യവസ്ഥയിലെ സംരക്ഷണം, സുസ്ഥിരമായ ഉപയോഗം, ഭാവിയിലെ ജനിതക മെച്ചപ്പെടുത്തൽ എന്നിവയ്ക്കും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img